ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍

ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍, കീഴാറ്റിങ്ങൽ പോസ്റ്റ് , ആറ്റിങ്ങല്‍ , തിരുവനന്തപുരം, 695306 , ഫോണ്‍ ‍: 0470 2142811, ഇമെയില്‍ : lpsktl @gmail.com, സ്കൂൾ കോഡ് : 32140100402, ഗ്രാമപഞ്ചായത്ത് : കടയ്ക്കാവൂര്‍ , താലൂക്ക് : ചിറയിന്‍കീഴ്‌ , വിദ്യാഭ്യാസ ഉപജില്ല: ആറ്റിങ്ങല്‍ , വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങല്‍ , ജില്ല: തിരുവനന്തപുരം, സംസ്ഥാനം: കേരളം

ഇംഗ്ലീഷ് ‘നാമ്പിടുന്നു’

നമുക്ക് ഒരു ഇംഗ്ലീഷ് വാർത്താപത്രിക പുറത്തിറക്കിയാലോ? ബി. ആർ. സി യിലെ വൃന്ദ ടീച്ചറിന്റെ
ആശയം. എസ്. ആർ. ജി. കൂടി. എന്തെല്ലാം ഉൾപ്പെടുത്താം. രണ്ടു വാർത്തകൾ. ഗാന്ധിജയന്തി,
ലോകബഹിരാകാശവാരം. ഗാന്ധിജയന്തിയെക്കുറിച്ച് മൂന്നാംക്ലാസ്സിലെ കുട്ടികൾ. ലോക ബഹിരാകാശ വാരത്തെക്കുറിച്ച് നാലാം ക്ലാസ്സുകാർ. അമ്മുവും വിദ്യയും ബിനോയിയും, രശ്മിയും തിരക്കിലായി. “എല്ലാവരും എഴുതിയത് നോക്കണം.“ എലിസബത്ത് ടീച്ചർ. എന്തെല്ലാം നോക്കും. സംഭവങ്ങൾ, സംഭവക്രമം, വിവരണത്തിന്റെ ഭംഗി ........ ആകെ ഒരു പത്രറിപ്പോർട്ടിന്റെ കെട്ടും മട്ടും ഉണ്ടാകണം. വാക്യഘടന, സ്പ്പെല്ലിംഗ് എന്നിവ ശ്രദ്ധിക്കണം.

അവർ വാർത്ത തയ്യാറാക്കി കൊണ്ടുവന്നു. എല്ലാ വാചകങ്ങളും വർത്തമാന കാലത്തിൽ!!!!!!!!!! വാർത്ത ഭൂതകാലത്തിൽ വേണ്ടേ????. ഇവരെ എങ്ങനെ ടെൻസ് പഠിപ്പിക്കും???????? രജിത ടീച്ചർ ആകെ ബുദ്ധിമുട്ടിലായി. നമുക്കങ്ങ് പറഞ്ഞുകൊടുത്താലോ? അതു വേണ്ട്........ അവർ കണ്ടെത്തട്ടെ. ചെറിയ കഥകൾ വായിക്കാൻ കൊടുക്കാം. വായിക്കുമ്പോൾ അവർ വാക്യഘടനയിലെ കാലം തിരിച്ചറിയുംവിധമുള്ള സഹായകചോദ്യങ്ങളായാലോ? ചെറിയ പത്രവാർത്തകളുടെ മാതൃകകൾ തയ്യാറാക്കി നൽകാം. അവർ അതുമായി പരിചയപ്പെടട്ടെ.

മാതൃകാ വാർത്തകൾ തയ്യാറക്കി. ഒരുവാചകം മുതൽ അഞ്ചു വാചകം വരെയുള്ളവ. സ്വാതന്ത്ര്യദിനവും ഓണവും ഹിരോഷിമാദിനാചരണവും വിഷയങ്ങളായി. വാക്യഘടന, കാലക്രമം, പദങ്ങൾ എന്നിവയുടെ തെരഞ്ഞടുപ്പിൽ വേണ്ട ശ്രദ്ധ പുലർത്തി. മാതൃകകൾ ഫലംചെയ്തു!!!!. അവർക്ക് തങ്ങൾ എഴുതിയ വാർത്തകൾ മാതൃകകളുമായി ഒത്തുനോക്കി വേണ്ട മെച്ചപ്പെടുത്തലുകൾ വരുത്തുവാൻ സാധിച്ചു. വിലയിരുത്തൽ തന്നെയാണ് പഠനം!!!!!!!!!!!!!

തുടർന്ന് അവർതന്നെ ‘വാർത്തകൾ’ ടൈപ്പ് ചെയ്തു. അജിത് സാർ പേജുകൾ ക്രമീകരിച്ച് ചിട്ടപ്പെടുത്തി. മുൻപേജ് കുട്ടികളുടേത്. പിൻപേജ് അധ്യാപകരുടേതും.

എന്തു പേരിടും? നമ്മുടെ ഇൻലന്റ് ദ്വൈവാരികയുടെ പേര് ‘നാമ്പ്’ എന്നല്ലേ. അതിന്റെ ഇംഗ്ലീഷ് എന്താ?????? bud!!!. അതുതന്നെ പോരേ. കുഴപ്പമില്ല. The
Bud!!!!!!!!.

അങ്ങനെ നാമ്പിന്  ഇംഗ്ലീഷ് പതിപ്പുമായി. 


















 


അഭയയുടെ ഭയം മാറുന്നു.

അഭയ ആദ്യം സ്കൂളിൽ വന്നപ്പോൾതന്നെ ഞങ്ങൾ വിഷമത്തിലായി. “ഈ സർക്കാരിന്റെ കാര്യമേ!!!!! സംയോജിത വിദ്യാഭ്യാസംപോലും. നേർബുദ്ധിയുള്ളതിനെപ്പോലും ഇവിടെ ശരിയാക്കാൻ പറ്റുന്നില്ല. പിന്നെയല്ലേ അവികസിത ബുദ്ധിയായ ഈ കുട്ടിയെ. ഞങ്ങളുടെ തലവിധി!!!!“

അഭയ.
ഭയന്ന് ഒരു മൂലയിലിരിക്കും!!!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.
ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.
എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!!!!!!!!!!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെ അവകാശം!!!!!!!!!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!!!!!!!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!!!!!!!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല. പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!!!!!!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!!!!!!!!!!

അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.

ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.

വിവരണം?

നാടകീകരണം?

അഭിനയം?

സംഭാഷണം തയ്യാറാക്കൽ?
കഥാരചന?
മൈന്റ് മാപ്പിംഗ്?
എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. ശരീരംകൊണ്ടല്ല. മനസ്സുകൊണ്ട്!

കളിയോടവും കാഞ്ചനത്തേരും

കൃഷ്ണേന്ദു (നാലാം ക്ലാസ്സ്)
ശ്രീ. സി. കെ. രാമകൃഷ്ണൻ എഴുതിയ ഈ പുസ്തകത്തിൽ 40 കവിതകളാണ് ഉള്ളത്. പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള കവിതകളാണ് ഇതിൽ. കൊച്ചു കുട്ടികൾക്ക് ഇണങ്ങുന്ന
അറിവ് പകർന്നു കൊടുക്കുന്നതിനു സഹായകമായ കവിതകളാണ് ഇതിൽ ഉള്ളത്. മാത്രമല്ല ഈ കവിതകൾ പെട്ടെന്ന് പഠിച്ചെടുക്കാനും കഴിയും.
 സമാഹാരത്തിലെ തുമ്പിയും തുമ്പപ്പൂവും എന്ന കവിതയാണ് എനിയ്ക്ക് ഏറ്റവും
ഇഷ്ടപ്പെട്ടത്. ഒരു തുമ്പപ്പൂവിനോട് നിന്റെ വെണ്മ എനിയ്ക്ക്കൂടി തരുമോ എന്ന്‌ തുമ്പി
ചോദിക്കുന്നു.
 കവിതകൾ വായിക്കുമ്പോൾ എന്റെ മനസ്സിലൂടെ പോകുന്നത് വിവിധ വിചാരങ്ങളാണ്.
തൂവെള്ള നിറമുള്ള തുമ്പപ്പൂവിന് ഇത്രയും ശോഭിതമായനിറം എവിടുന്നാണ് കിട്ടീയത്. പാൽക്കട്ടിയ്ക്ക്പോലും ഇത്രയും മനോഹരമായു തൂവെണ്മയില്ല. ഇത്ര വെണ്മ കിട്ടാൻ തുമ്പപ്പൂ എന്ത് ഭാഗ്യമാണ് ചെയ്തത്. എന്നൊക്കെ എന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു.
52 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ഇതിന്റെ വില 30 രൂപ.